തിരുവനന്തപുരം: എഴുത്തുകാരനും ബ്ലോഗറുമായ ബഷീര്‍ വള്ളിക്കുന്നിന് ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നെറ്റിലെ മലയാള ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മയായ ബൂലോകം ഓണ്‍ലൈന്‍ നടത്തിയ വോട്ടെടുപ്പില്‍ മുപ്പത്തി നാല് ശതമാനം വോട്ടു നേടിയാണ് ബഷീര്‍ വള്ളിക്കുന്ന് വിജയിയായത്. വായനക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത മലയാളത്തിലെ മുപ്പതു പ്രശസ്ത ബ്ലോഗ്ഗര്‍മാരില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. സി പി അനില്‍ കുമാര്‍, ബെര്‍ളി തോമസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം മുപ്പതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ബൂലോകം ഓണ്‍ലൈന്‍ ഭാരവാഹികളായ ഡോക്ടര്‍ ജെയിംസ് െ്രെബറ്റ് , ഡോക്ടര്‍ മോഹന്‍ ജോര്‍ജ്, ജിക്കു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള ശക്തമായ പ്രതികരണങ്ങളാണ് www. vallikkunnu.com എന്ന ബ്ലോഗിനെ ശ്രദ്ധേയമാക്കിയത്. രണ്ടായിരത്തി എഴില്‍ തുടങ്ങിയ ബ്ലോഗില്‍ ഇതിനകം ഇരുനൂറ്റിപ്പതിനാറ് ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇവയില്‍ ചിലത് മലയാള പത്ര വാരികകള്‍ പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ആനുകാലിക വിഭാഗത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ബ്ലോഗായി വള്ളിക്കുന്ന് ഡോട്ട് കോം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അറനൂറിലധികം ഫോളോവേഴ്‌സും അറനൂറോളം സ്ഥിര വരിക്കാരും ഉള്ള ബ്ലോഗിന് മൂന്ന് ലക്ഷത്തിലധികം ഹിറ്റുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ബി എ ചരിത്രത്തിലും അഫ്ദല്‍ ഉലമയിലും റാങ്ക് ജേതാവായ ബഷീര്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മീഡിയ വിഭാഗം കണ്‍വീനര്‍ ആണ്. ഫലസ്തീന്‍ പോരാട്ടത്തിന്റെ നാള്‍വഴി എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ദുബായിയില്‍ ക്വാളിറ്റി എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന അനില്‍കുമാര്‍ വേറിട്ട കഥകളിലൂടെയാണ് ബ്ലോഗ് ലോകത്ത് പ്രസിദ്ധനായത്. രണ്ടു ലക്ഷത്തിലധികം മെമ്പര്‍മാരുള്ള ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൂട്ടത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളാണ്. ബാലറ്റ് ബിന്‍ എന്ന ഓണ്‍ലൈന്‍ വോട്ടിംഗ് സൈറ്റ് വഴി നടന്ന വോട്ടെടുപ്പില്‍ ഇരുപത്തി നാല് ശതമാനം വോട്ടു നേടിയാണ് അനില്‍ കുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രസിദ്ധപ്പെടുത്തുമെന്നും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ബ്ലോഗ് ലിറ്ററസിയെക്കുറിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
0 comments:
Post a Comment
ഇവിടെ കമന്റ് ചെയ്യൂ