728x90 AdSpace

  • Latest News

    Thursday, December 29, 2011

    അരീക്കട്ടുനിന്നൊരു വില്ലന്‍

    കൊച്ചിയില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ കിങ് ആന്റ് കമ്മീഷണറിന്റെ ഷൂട്ടിങ് നടക്കുന്നു. കലക്ടര്‍ ജോസഫ് അലക്സ് എതിരാളികളെ ഇടിച്ചിടുകയാണ്. ഇതിനിടെ ഒരു കിടിലന്‍ കിക്ക് നായകന്റെ മുഖത്തിനു നേരെ. കിക്ക് വരുമ്പോള്‍ നായകന്‍ തല താഴ്ത്തി ഒഴിഞ്ഞുമാറണം. പക്ഷേ, മമ്മൂട്ടി ഒഴിഞ്ഞുമാറിയിരുന്നില്ല. എതിരാളിയുടെ കാല്‍ നായകന്റെ മുഖത്തു കൊണ്ടതുമില്ല. വില്ലു കുലച്ചപോലെ വന്ന ആ ബ്ളേഡ് കിക്ക് തൊട്ടടുത്ത് വന്നുനിന്നു.
    ഒരുനിമിഷം അമ്പരന്ന മമ്മൂട്ടി വില്ലനെ പുറത്തു തട്ടി അഭിനന്ദിച്ചു. ഇത്ര നിയന്ത്രണത്തോടെ കിക്കെടുത്ത വില്ലന്‍ മറ്റാരുമല്ല. തെന്നിന്ത്യന്‍ സിനിമയിലെ വില്ലന്‍ അംജത് മൂസ. തമിഴിലും തെലുങ്കിലും ഒരുപോലെ കഴിവു തെളിയിച്ച ഈ യുവാവ് മലയാളത്തിലും ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു.
    കോഴിക്കോട് അരീക്കാട് സ്വദേശിയായ അംജത് മൂസയ്ക്കു സിനിമയിലേക്കു വഴികാട്ടിയത് പ്രശസ്ത നടിയും നാട്ടുകാരിയുമായിരുന്ന ശാന്താദേവിയാണ്. ശശിശങ്കറിന്റെ നാരായം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അംജതിന്റെ പ്രായം 14.
     പിന്നീട് ആയോധനകലകളിലായി കമ്പം. കരാത്തെ, കളരി, ബോക്സിങ് എന്നിവയിലെല്ലാം അംജത് മൂസ
    പ്രാവീണ്യം നേടി. 1999ല്‍ അഖിലേന്ത്യാ കരാത്തെ ചാംപ്യനായി. കോഴിക്കോട് ജില്ലാ അമച്വര്‍ ബോക്സിങ് ചാംപ്യനും 2004ല്‍ സംസ്ഥാന ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനുമായി. 
    അങ്ങനെയിരിക്കെ പഴയ സിനിമാമോഹം വീണ്ടും തലയുയര്‍ത്തി. കോളിവുഡുമായി ബന്ധമുള്ള ഒരു സുഹൃത്തുമൊന്നിച്ച് അംജത് ആര്‍.പി. ഉദയകുമാര്‍ എന്ന സംവിധായകന്റെയടുത്തെത്തി. കിഴക്കുവാസല്‍, ചിന്നക്കൌണ്ടര്‍ എന്നീ ഹിറ്റുകള്‍ സംവിധാനം ചെയ്ത ഈ സംവിധായകനാണ് അംജത് മൂസയ്ക്കു സിനിമയിലേക്കുള്ള വഴി തുറന്നത്. വിജയിന്റെ സഹോദരന്‍ വിക്രാന്ത് നായകനായ കര്‍ക്ക കസഡറ എന്ന സിനിമയില്‍ വില്ലന്‍ വേഷം. പടം വിജയിച്ചില്ലെങ്കിലും വില്ലന്‍ ശ്രദ്ധിക്കപ്പെട്ടു. വിജയ്കാന്ത് തന്റെ സ്വദേശിയിലേക്ക് അംജതിനെ ക്ഷണിച്ചത് ഇതിലെ പ്രകടനം കണ്ടിട്ടാണ്. അതോടെ തന്റെ സിനിമകളിലെ വില്ലന്‍വേഷത്തിലേക്ക് ഫസ്റ് ചോയ്സായി വിജയകാന്ത് അംജതിനെ കണ്ടു. തുടര്‍ന്ന് അര്‍ജുന്റെ കൂടെ ദുരൈ, വാധ്യാര്‍, വല്ലക്കോട്ടൈ തുടങ്ങിയവയിലും ഗംഭീര പ്രകടനം നടത്തി. വിജയ്കാന്തിന്റെ എങ്കള്‍ ആശാന്‍, പ്രശാന്ത് നായകനായ പുലന്‍ വിചാരണ രണ്ടാം ഭാഗം, ജയപ്രകാശ് സംവിധാനം ചെയ്ത വാനംപാത്ത സീമയില്‍ തുടങ്ങി 22 തമിഴ് സിനിമകളിലും ഒമ്പതു തെലുങ്ക് സിനിമകളിലും ഇതിനകം ഈ കോഴിക്കോട്ടുകാരന്‍ അഭിനയിച്ചുകഴിഞ്ഞു. തെലുങ്കില്‍ സൂപ്പര്‍സ്റാര്‍ ബാലകൃഷ്ണയുടെ പുതിയ ചിത്രമായ പരമവീരചക്രയില്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ മകനായാണ് അഭിനയിച്ചത്. ഗോപീചന്ദിന്റെ കൂടെ വാണ്ടഡിലും കരുത്തുറ്റ വില്ലന്‍ റോളിലാണ്. 
    മലയാളത്തില്‍ മമ്മൂട്ടിയുടെ നായകനായ കിങ് ആന്റ് കമ്മീഷണറില്‍ കഴിവു തെളിയിച്ച ആവേശത്തിലാണ് അംജത് മൂസ. കലാഭവന്‍ മണിയോടൊത്ത് പായുംപുലി, പ്രമുഖന്‍, സുരേഷ് ഗോപിയുടെ കിച്ചാമണി എം.ബി.എ, ജയസൂര്യയുടെ ഷേക്സ്പിയര്‍ എം.എ മലയാളം എന്നീ സിനിമകളില്‍ അഭിനയിച്ചു. പായുംപുലിയിലെ സുലൈമാനും പ്രമുഖനിലെ വേഷവും കൈയടി വാങ്ങിക്കൊടുത്തത് വില്ലനാണ്.
     കരാത്തെയില്‍ 4ദാന്‍ ബ്ളാക്ക് ബെല്‍റ്റുള്ള ഈ ഗ്രാന്റ് മാസ്റ്റര്‍ അരീക്കാട് കേന്ദ്രമായി വോള്‍ക്കാനോ കിക്ക് ബോക്സിങ് അക്കാദമി എന്ന സ്ഥാപനവും നടത്തുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ശിഷ്യന്മാര്‍ ഇദ്ദേഹത്തിനുണ്ട്. ഒമ്പതാം വയസ്സു മുതല്‍ മാര്‍ഷല്‍ ആര്‍ട്സ് പഠിച്ചുതുടങ്ങി. 14ാം വയസ്സില്‍ ബ്ളാക്ക് ബെല്‍റ്റും നേടി. പുത്തലത്ത് രാഘവന്‍ മാസ്ററാണു കിക്ക് ബോക്സിങിലെ ഗുരു. കരാത്തെയില്‍ ബാഷ മാസ്റ്റര്‍ (ഷോട്ടോകാന്‍), റെന്‍ഷി ദിലീപ്കുമാര്‍ (കാജുകാഡോ) എന്നിവരും. കടത്തനാടന്‍ കളരി സംഘത്തിലെ മാത്തോട്ടം മാമുക്കോയ ഗുരുക്കളുടെ കീഴില്‍ കളരിയും അഭ്യസിച്ചു. വിവിധ ആയോധനകലകളിലെ ഈ നൈപുണ്യമാണ് സിനിമയില്‍ ഡ്യൂപ്പില്ലാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അംജത് മൂസയെ സഹായിക്കുന്നത്.


    • Blogger Comments
    • Facebook Comments

    0 comments:

    Post a Comment

    ഇവിടെ കമന്റ്‌ ചെയ്യൂ

    Item Reviewed: അരീക്കട്ടുനിന്നൊരു വില്ലന്‍ Rating: 5 Reviewed By: SHIHAB